04:03pm 19 September 2026
NEWS
പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം അഡ്വ. ബിജു ഉമ്മൻ
07/09/2026  06:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം  അഡ്വ. ബിജു ഉമ്മൻ

പത്തനംതിട്ട: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായി ഒഴിവാക്കി പരിസ്ഥിതിലോല പ്രദേശം വനമേഖലയിൽ നിജപ്പെടുത്തുന്നതിനാവശ്യമായ ഫലപ്രദമായ ഇടപെടൽ സംസ്ഥാന സർക്കാർ നടത്തണം. ജില്ലയിലെ അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, വടശ്ശേരിക്കര, പെരുനാട്, കൊല്ലമുള തുടങ്ങിയ മലയോര വില്ലേജുകളിലെ ജനങ്ങൾ വിജ്ഞാപനത്തെ ആശങ്കയോടെയാണ് കാണുന്നത്. നിർമാണാനുമതി, കൃഷി, ചെറുകിട സംരംഭങ്ങൾ, ഭൂമിയുടെ ക്രയവിക്രയം, ബാങ്ക് വായ്പകൾ, അടിസ്ഥാനസൗകര്യ വികസനം എന്നിവയെ വിജ്ഞാപനം എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകണം.

പരിസ്ഥിതി സംരക്ഷണവും മലയോര ജനതയുടെ ജീവിതസുരക്ഷയും ഒരുപോലെ ഉറപ്പാക്കുന്ന സമതുലിതമായ സമീപനമാണ് ആവശ്യം. കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതിയും ഉയർന്ന ജനസാന്ദ്രതയും തലമുറകളായി തുടരുന്ന കാർഷികജീവിതവും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം. ജനവാസകേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ അന്തിമ വിജ്ഞാപനത്തിൽനിന്ന് ഒഴിവാക്കണം. ബാധിത പ്രദേശങ്ങളിൽ ജനകീയ ഹിയറിങ്ങുകൾ നടത്തുകയും പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തിയും സർവേ വിവരങ്ങളും വ്യക്തമാക്കുന്ന ഭൂപടങ്ങൾ പഞ്ചായത്തുതലത്തിൽ പ്രസിദ്ധീകരിക്കുകയും വേണം. ജനപ്രതിനിധികൾ, കർഷകസംഘടനകൾ, തദ്ദേശസ്ഥാപനങ്ങൾ, പരിസ്ഥിതി–നിയമ വിദഗ്ധർ എന്നിവരുമായി കൂടിയാലോചന നടത്തണം. ആവശ്യമായ പരിശോധനയും ജനാഭിപ്രായ ശേഖരണവും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അഭിപ്രായങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടണമെന്ന് കേന്ദ്രത്തോട് അഭ്യർഥിക്കണം.

“മലയോര കർഷകർ പ്രകൃതിയോടൊപ്പം ജീവിച്ച് പരിസ്ഥിതിയെ സംരക്ഷിച്ചവരാണ്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം അവരുടെ വീടും കൃഷിയും ഉപജീവനവും സുരക്ഷിതമാക്കുന്ന ജനപക്ഷ സമീപനമാണ് സ്വീകരിക്കേണ്ടത്,” അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img